ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഡീപോൾ
സ്കൂളിൽ ഒരു ക്വിസ് മത്സരം നടന്നു. പല ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ബയോളജി
പഠിപ്പിച്ചിരുന്ന ആന്റണി മാസ്റ്ററാണ് ക്വിസ് നടത്തിയിരുന്നത്. അദ്ദേഹം തന്നെയാണ് പല
ചോദ്യങ്ങളും ഇട്ടിരുന്നത്. ആ കാലഘട്ടത്തിൽ മൗനിയായി ഇരുന്ന എനിക്ക് തിളങ്ങാൻ കിട്ടുന്ന
ആകെയുള്ള അവസരമായിരുന്നു ക്വിസ്. മധു, അശ്വിൻ ഷീമ ഇവരെ വെട്ടിച്ച് പഠിത്തത്തിൽ ഒന്നാം
സ്ഥാനത്ത് എത്താൻ കഴിയില്ല. ഇടയ്ക്ക് രാജനോ രാജീവോ ആൽഫ്രഡോ നാലാം റാങ്കിൽ കയറി കൂടിയാൽ പിന്നെ അഞ്ച്, ആറ് സ്ഥാനങ്ങളിൽ ഞാൻ സമാധാനത്തോടെ
ഒതുങ്ങിക്കൂടി.
പിന്നെ ആകെയുള്ള എന്റെ വിഭാഗം ക്വിസ് മത്സരമാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ക്വിസ് പുസ്തകം മുഴുവൻ തലയിൽ കയറ്റിയിരുന്നു. (ടെറൻസ് സിസ്റ്ററുടെ പ്രചോദനം.) അതിൽ 10 ക്‌ളാസ് കഴിയുന്ന വരെ പിടി വിട്ടില്ല. നമുക്കും വേണ്ടേ എന്തെങ്കിലും ഒരു പിടിവള്ളി. പക്ഷേ, ആന്റണി മഷിനോ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന ടീച്ചർമാർക്കോ എന്റെ ഈ കഴിവ് അറിയില്ലായിരുന്നു. അങ്ങനെ ആ ദിവസം വന്നു. ഞങ്ങളെ ഞെട്ടിക്കാൻ ആന്റണി മാസ്റ്റർ കെമിസ്ട്രി പീരിയോഡിക് ടേബിളിൽ നിന്ന് ബുദ്ധിമുട്ടുള്ള ഒരു ചോദ്യം എറിഞ്ഞു. പല ടീമുകളും അതിവേഗത്തിൽ പാസ് പാസ് എന്ന് പറഞ്ഞു. മൂന്നാമത്തെ ടീമായി അതേ ചോദ്യം എന്റെ അടുത്ത് എത്തി.
ഒറ്റ ശ്വാസത്തിൽ ഞാൻ ഉത്തരം പറഞ്ഞു
"ഓസ്മിയം." ഒരു മിനിറ്റ് ആന്റണി
മാസ്റ്റർ എന്റെ കണ്ണിലേക്ക് അതിരൂക്ഷമായി, അല്ല, എന്റെ മുഖഭാവം നോക്കി മനസിലാക്കാൻ
ശ്രമിക്കുകയായിരുന്നു. എന്തായാലും അതിന് ശേഷം ഉപജില്ല മത്സരത്തിനും പങ്കെടുക്കാൻ സ്‌കൂളിൽ
നിന്ന് എന്നെയും അശ്വിനെയും തിരഞ്ഞെടുത്തു. അവിടെ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു എന്നാണ്
ഓർമ്മ.
ഞാൻ പറഞ്ഞു വരുന്നത് ആ പറഞ്ഞ ഉത്തരത്തെ
കുറിച്ചാണ്. ചേച്ചി പഠിച്ച പ്രീഡിഗ്രി-ഡിഗ്രി കെമിസ്റ്ററി പുസ്തകം, ക്വിസ് മത്സരത്തിന്റെ
ദിവസം തന്നെ കാലത്ത് വെറുതെ തുറന്ന് നോക്കിയപ്പോൾ കിട്ടിയ പേജിൽ അബദ്ധവശാൽ കണ്ട വാക്കാണ്
ഓസ്മിയം, അതിന്റെ പ്രത്യേകതയും. ഒരിക്കലും ഒരു ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥി ആ കാലത്ത്
അങ്ങനെ ഒരു ഉത്തരം പറയേണ്ടതില്ല. എങ്കിലും
ശിക്കാരി ശംഭുവിനെപ്പോലെ ഓസ്മിയം എന്ന് പറഞ്ഞു തിളങ്ങിയതും മാഷിന്റെ നോട്ടവും
ഞാൻ ഇന്നും ഓർക്കുന്നു. എന്റെ കൊച്ചു കൊച്ചു സന്തോഷ വിജയങ്ങൾ.